ഒരുമിച്ചു മിടിക്കുന്നു
സൃഷ്ടിയുടെ ഉദയം മുതൽ കഥകൾ മനുഷ്യനെ ആകർഷിച്ചിട്ടുണ്ട് - ലിഖിത ഭാഷ നിലനിൽക്കുന്നതിന് വളരെ മുമ്പുതന്നെ അറിവ് കൈമാറുന്നതിനുള്ള ഒരു മാർഗമായി അവ പ്രവർത്തിച്ചിരുന്നു. ഒരു കഥ കേൾക്കുന്നതിനോ വായിക്കുന്നതിനോ ഉള്ള ആനന്ദം നമുക്കെല്ലാം അറിയാം, “ഒരിടത്തൊരിടത്ത്’’ എന്നതുപോലുള്ള തുടക്ക വരികളിൽ ഉടനടി നമ്മെ ആകർഷിക്കുന്നു. ഒരു കഥയുടെ ശക്തി കേവലം ആസ്വാദനത്തിനപ്പുറം വ്യാപിക്കുന്നതായി കാണാം: നമ്മൾ ഒരുമിച്ച് ഒരു കഥ കേൾക്കുമ്പോൾ, നമ്മുടെ ഹൃദയമിടിപ്പുകൾ സമന്വയിക്കുന്നതായി തോന്നുന്നു! ഒരു ദിവസത്തെ നമ്മുടെ വ്യക്തിഗത ഹൃദയമിടിപ്പുകൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, മറ്റൊരാളുടെ ഹൃദയമിടിപ്പുകൾ യാദൃശ്ചികമായി പൊരുത്തപ്പെടുമെങ്കിലും, ഒരേ സമയം ഒരേ കഥ കേൾക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളെല്ലാം ഒരേ താളത്തിൽ ആകുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
“ആദിയിൽ’’ (ഉൽപത്തി 1:1) എന്ന വാക്കുകളോടെയാണ് ദൈവം തന്റെ കഥ നമ്മോട് പറയാൻ തുടങ്ങുന്നത്. ആദാമും ഹവ്വായും ആദ്യമായി ശ്വസിച്ച നിമിഷം മുതൽ (വാ. 27), നമ്മുടെ വ്യക്തിഗത ജീവിതത്തെ മാത്രമല്ല - ഒരു പക്ഷേ അതിലും പ്രധാനമായി - തന്റെ മക്കളെന്ന നിലയിൽ നമ്മുടെ കൂട്ടായ ജീവിതത്തെയും രൂപപ്പെടുത്താൻ ദൈവം ആ ചുരുളഴിയുന്ന കഥ ഉപയോഗിച്ചു. ബൈബിളിലൂടെ - ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ സാങ്കലിപ്കമല്ലാത്ത കഥ - യേശുവിൽ വിശ്വസിക്കുന്നവരും അവന്റെ ഉദ്ദേശ്യങ്ങൾക്കായി വേർതിരിക്കപ്പെട്ടവരുമായ നമ്മുടെ ഹൃദയങ്ങൾ ഒന്നിച്ചുചേരുന്നു (1 പത്രൊസ് 2:9).
പ്രതികരണമായി, രചയിതാവിന്റെ സർഗ്ഗാത്മക സൃഷ്ടികളാൽ ആഹ്ലാദംകൊള്ളുന്ന നമ്മുടെ ഹൃദയങ്ങൾ പങ്കിട്ട താളത്തിൽ മിടിക്കട്ടെ. നമുക്ക് അവന്റെ കഥ മറ്റുള്ളവരുമായി പങ്കുവെക്കാം, “ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും’’ (സങ്കീർത്തനം 96:3) പ്രഖ്യാപിച്ചുകൊണ്ട്, അവരെയും അതിന്റെ ഭാഗമാകാൻ ക്ഷണിക്കാം.
തിമിംഗല മുത്തശ്ശി
ഗവേഷകർ “മുത്തശ്ശി’’ എന്നു പേരിട്ടിരിക്കുന്ന ഒരു ഓർക്കാ തിമിംഗലത്തിന്, അവളുടെ “തിമിംഗല മുത്തശ്ശി’’ ജീവിതത്തിൽ തന്റെ പങ്കിന്റെ പ്രാധാന്യം വ്യക്തമായി അറിയാമായിരുന്നു. യുവ തിമിംഗലത്തിന്റെ അമ്മ അടുത്തിടെ മരിച്ചു, അനാഥനായ തിമിംഗലത്തിന് സംരക്ഷണവും പിന്തുണയുമില്ലാതെ വളരാൻ തക്ക പ്രായമായിരുന്നില്ല. മുത്തശ്ശി, അവളുടെ എൺപതാം വയസ്സിൽ (അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ള) ആണെങ്കിലും, അതിജീവിക്കാൻ അറിയേണ്ട കാര്യങ്ങൾ അവനെ പഠിപ്പിക്കാൻ കൂടെ ചെന്നു. മുത്തശ്ശി തനിക്കു ലഭിച്ച ഭക്ഷണത്തിന്റെ ഒരു പങ്ക് ഇളയ തിമിംഗലത്തിന് നൽകി. അങ്ങനെ അവനു മതിയായ ഭക്ഷണം നൽകുക മാത്രമല്ല, എന്താണ് ഭക്ഷിക്കേണ്ടതെന്നും അവനു ജീവിക്കാൻ ആവശ്യമായ സാൽമണിനെ എവിടെ കണ്ടെത്താമെന്നും പഠിക്കുകയും ചെയ്തു.
നമുക്കറിയാവുന്ന കാര്യങ്ങൾ കൈമാറുന്നതിന്റെ വ്യതിരിക്തമായ ബഹുമാനവും സന്തോഷവും നമുക്കുണ്ട് - നമുക്ക് ശേഷം വരുന്നവരുമായി ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തികളെയും സ്വഭാവത്തെയും കുറിച്ച് പങ്കുവെക്കാൻ നമുക്കു കഴിയും. പ്രായമായ സങ്കീർത്തനക്കാരൻ ദൈവത്തോട് “അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും’’ പറയുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു (സങ്കീർത്തനം 71:18). വളർച്ച പ്രാപിക്കുവാൻ നമ്മെ സഹായിക്കുന്ന, ദൈവത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ - അവന്റെ “നീതിയെയും രക്ഷയെയും’’ - മറ്റുള്ളവരുമായി പങ്കിടാൻ അവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു (വാ. 15).
വാർദ്ധക്യത്തിന്റെ നര നമ്മെ ബാധിച്ചിട്ടില്ലെങ്കിൽ പോലും (വാ. 18), ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും നാം എങ്ങനെ അനുഭവിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് അവനോടൊപ്പമുള്ള യാത്രയിൽ ഒരാൾക്ക് പ്രയോജനം ചെയ്യും. ആ ജ്ഞാനം പങ്കുവെക്കാനുള്ള നമ്മുടെ സന്നദ്ധത ആ വ്യക്തിക്ക് കഷ്ടതയിലും ക്രിസ്തുവിൽ ജീവിക്കാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായി വന്നേക്കാം (വാ. 20).
രണ്ടും സത്യമാണ്
മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഫെങ് ലുലു തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു. ഒരു കൊച്ചുകുട്ടിയായിരിക്കെ, ചൈനയിലെ അവളുടെ വീടിന് പുറത്ത് കളിക്കുന്നതിനിടയിൽ അവളെ തട്ടിക്കൊണ്ടുപോയി, എന്നാൽ ഒരു വനിതാ സംഘത്തിന്റെ സഹായത്തോടെ, ഒടുവിൽ അവളെ കണ്ടെത്തി. അവളെ തട്ടിക്കൊണ്ടുപോകുമ്പോൾ അവൾ വളരെ ചെറുപ്പമായിരുന്നതിനാൽ, ഫെങ് ലുലുവിന് അത് ഓർമ്മയില്ലായിരുന്നു. തന്റെ മാതാപിതാക്കൾക്ക് തന്നെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ തന്നെ വിറ്റുവെന്നു വിശ്വസിച്ചാണ് അവൾ വളർന്നത്. അതിനാൽ സത്യം മനസ്സിലാക്കിയത് അവളിൽ നിരവധി ചോദ്യങ്ങളും വികാരങ്ങളും ഉയർത്തി.
യോസേഫ് തന്റെ സഹോദരന്മാരുമായി വീണ്ടും ഒന്നിച്ചപ്പോൾ, അവനു ചില സങ്കീർണ്ണമായ വികാരങ്ങൾ അനുഭവപ്പെട്ടിരിക്കാം. അവന്റെ സഹോദരന്മാർ അവനെ ചെറുപ്രായത്തിൽ ഈജിപ്തിലേക്ക് അടിമയായി വിറ്റു. വേദനാജനകമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നിട്ടും, ദൈവം യോസേഫിനെ ഉന്നത അധികാര സ്ഥാനത്തേക്ക് നയിച്ചു. ഒരു ക്ഷാമകാലത്ത് അവന്റെ സഹോദരന്മാർ ഭക്ഷണം വാങ്ങാൻ ഈജിപ്തിൽ വന്നപ്പോൾ, അവർഅറിയാതെ അവനോടാണ് ഭക്ഷണം തേടിയത്്.
ദൈവം അവരുടെ തെറ്റുകൾ വീണ്ടെടുത്തുവെന്നും “വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നു” അവൻ അതിനെ ഉപയോഗിച്ചു എന്നും യോസേഫ് ഏറ്റുപറഞ്ഞു (ഉല്പത്തി 45:7). എന്നിട്ടും തന്നോടുള്ള അവരുടെ ദ്രോഹകരമായ പ്രവൃത്തികളെ യോസേഫ് പുനർ നിർവചിച്ചില്ല - അവനെ “വിറ്റതാണ്’’ (വാ. 5) എന്ന കാര്യം അവൻ കൃത്യമായി വിവരിച്ചു.
വൈകാരിക പോരാട്ടത്തെ അംഗീകരിക്കാതെ ദൈവം അവയിലൂടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രയാസകരമായ സാഹചര്യങ്ങളെ അമിതമായി സാധകാത്മകമാക്കാൻ നാം ചിലപ്പോൾ ശ്രമിക്കാറുണ്ട്. ദൈവം അതിനെ വീണ്ടെടുത്തതുകൊണ്ടുമാത്രം ഒരു തെറ്റിനെ നല്ലതായി പുനർ നിർവചിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം: തെറ്റായ പ്രവൃത്തികളുടെ വേദന തിരിച്ചറിയുമ്പോൾ തന്നെ അതിൽ നിന്ന് നന്മ കൊണ്ടുവരാൻ നമുക്കു ദൈവത്തിങ്കലേക്കു നോക്കാം. രണ്ടും സത്യമാണ്.
ആത്മനിയന്ത്രണം ദൈവത്തിന്റെ ശക്തിയിൽ
1972 ൽ, ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനു കാലതാമസം വരുത്താനുള്ള കുട്ടികളുടെ കഴിവ് അളക്കുന്നതിനായി “മാർഷ്മാലോ ടെസ്റ്റ്'” എന്നറിയപ്പെടുന്ന ഒരു പഠനം വികസിപ്പിച്ചെടുക്കുകയുണ്ടായി. കുട്ടികൾക്ക് നുണയുവാൻ ഓരോ മാർഷ്മാലോ നൽകുകയും, എന്നാൽ പത്ത് മിനിറ്റു നേരത്തേക്ക് അതു കഴിക്കാതെ സൂക്ഷിക്കാൻ കഴിയുന്നവർക്ക് ഒരെണ്ണം കൂടി നൽകുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. കുട്ടികളിൽ മൂന്നിലൊന്നു പേർക്ക് കൂടിയ പ്രതിഫലത്തിനായി പിടിച്ചുനിൽക്കാൻ കഴിഞ്ഞു. മറ്റൊരു മൂന്നിലൊന്നു പേർ മുപ്പതു സെക്കൻഡിനുള്ളിൽ അത് അകത്താക്കി!
നാം ആഗ്രഹിക്കുന്ന എന്തെങ്കിലും വാഗ്ദാനം ചെയ്യുമ്പോൾ, കാത്തിരിക്കുന്നത് ഭാവിയിൽ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് നമുക്കറിയാമെങ്കിലും, ആത്മനിയന്ത്രണം പാലിക്കാൻ നാം പാടുപെട്ടേക്കാം. എങ്കിലും ആത്മനിയന്ത്രണം ഉൾപ്പെടെയുള്ള സുപ്രധാനമായ പല സദ്ഗുണങ്ങളും “[നമ്മുടെ] വിശ്വാസത്തോടു് കൂട്ടിച്ചേർക്കാൻ” പത്രൊസ് നമ്മെ നിർബന്ധിക്കുന്നു (2 പത്രൊസ് 1:5-6). യേശുവിൽ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട്, ആ വിശ്വാസത്തിന്റെ തെളിവായി നന്മ, ജ്ഞാനം, സ്ഥിരോത്സാഹം, ആത്മനിയന്ത്രണം, ദൈവഭക്തി, വാത്സല്യം, സ്‌നേഹം എന്നിവയിൽ 'വർദ്ധിച്ച അളവിൽ വളരാൻ പത്രൊസ് തന്റെ വായനക്കാരെയും നമ്മെയും പ്രോത്സാഹിപ്പിച്ചു (വാ. 5-8).
ഈ സദ്ഗുണങ്ങൾ നമുക്ക് ദൈവത്തിന്റെ പ്രീതി നേടിത്തരികയോ സ്വർഗത്തിൽ നമ്മുടെ സ്ഥാനം ഉറപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിലും, ദൈവം അതിനുള്ള ജ്ഞാനവും ശക്തിയും നൽകുന്നതിനാൽ - നമ്മോടും അതുപോലെ നമ്മൾ ഇടപഴകുന്ന എല്ലാവരോടും—- ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ ആവശ്യകതയെയാണ് അവ തെളിയിക്കുന്നത്. കൂടാതെ, അതിലെല്ലാമുപരി, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവനെ പ്രസാദിപ്പിക്കുന്ന നമുക്ക് 'ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ'' (വാ. 3).
ജ്ഞാനത്തോടെ തെരഞ്ഞെടുക്കുക
ബഹിരാകാശ സഞ്ചാരികളുടെ കമാൻഡർ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് ഒരു യാത്ര നിശ്ചയിച്ചപ്പോൾ ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഫെർഗൂസൻ ഒരു കഠിനമായ തീരുമാനം എടുത്തു. ഈ തീരുമാനം യാത്രയുടെ സാങ്കേതികത്വമോ സഹയാത്രികരുടെ സുരക്ഷിതത്വമോ സംബന്ധിച്ചതൊന്നുമായിരുന്നില്ല.മറിച്ച്, അത് താൻ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതിയ ഒരു ദൗത്യവുമായി ബന്ധപ്പെട്ടതായിരുന്നു; തന്റെ കുടുംബം. ഫെർഗൂസൻ തന്റെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ തന്റെ കാൽ ഭൂമിയിൽ തന്നെ ഉറപ്പിച്ച് നിർത്താൻ തീരുമാനിച്ചു.
നാമെല്ലാം ജീവിതത്തിൽ പലപ്പോഴും തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടാറുണ്ട്- നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് വിലയിരുത്താൻ കാരണമായ തീരുമാനങ്ങൾ, കാരണം ഒരു കാര്യം സ്വീകരിക്കാൻ മറ്റൊന്ന് ഒഴിവാക്കിയേ മതിയാകൂ. എന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ യേശു തന്റെ ശിഷ്യന്മാരോടും കേവലം കൂടെ കൂടിയ ജനക്കൂട്ടത്തോടും ജീവതത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനം എന്താണെന്ന് പറയുകയായിരുന്നു. ഒരു ശിഷ്യൻ ആയി യേശുവിന്റെ കൂടെ നടക്കാൻ "തന്നെത്താൻ ത്യജിക്കണം" എന്ന് യേശു പറഞ്ഞു (മർക്കൊസ് 8:34 ) . ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ വന്നു ചേരുന്ന ത്യാഗങ്ങളെ അവഗണിച്ച് സ്വന്തം താല്പര്യങ്ങളെ മുറുകെപ്പിടിക്കാൻ അവർക്ക് പ്രലോഭനം ഉണ്ടാകാം, അതിനാൽ വില കൊടുക്കാതെ ശിഷ്യരാകാൻ കഴിയില്ല എന്ന് ക്രിസ്തു അവരെ ഓർമിപ്പിച്ചു.
നമുക്കും ജീവിതത്തിൽ മൂല്യമുള്ളതെന്ന് കരുതുന്ന പല കാര്യങ്ങളും പിന്തുടരാൻ പ്രേരണയുണ്ടാകും; എന്നാൽ അവ നമ്മെ യേശുവിനെ അനുഗമിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കും. ജീവിതത്തിൽ ഓരോ ദിവസവും നേരിടുന്ന തിരഞ്ഞെടുപ്പുകൾ ജ്ഞാനത്തോടെ ദൈവമഹത്വത്തിനായി ചെയ്യുവാൻ ദൈവത്തിന്റെ സഹായം തേടാം.
സത്യത്തിന്റെ പകർച്ച
കോവിഡ് പകരുമെന്ന ഭയം കാരണം അവരുടെ പേരക്കുട്ടികളെ നേരിട്ട് കാണാൻ കഴിയാതെ, പല മുത്തച്ചൻമാരും മുത്തശ്ശിമാരും അവരുമായ ബന്ധപ്പെടാനുള്ള പുതിയ വഴികൾ തേടി. തങ്ങളുടെ പേരക്കുട്ടികളുമായുള്ള വിലയേറിയ ബന്ധം നിലനിർത്തുന്നതിനുള്ള മാർഗമായി പല മുത്തച്ചന്മാരും മുത്തശ്ശിമാരും ടെക്‌സ്റ്റുകളും സോഷ്യൽ മീഡിയകളും സ്വീകരിച്ചതായി അടുത്തിടെ നടന്ന ഒരു സർവേ കാണിക്കുന്നു. ചിലർ തങ്ങളുടെ കുടുംബത്തോടൊപ്പം വീഡിയോ കോളിലൂടെ ആരാധിക്കുകയും ചെയ്തു.
മാതാപിതാക്കൾക്കും മുത്തശ്ശീമുത്തച്ഛന്മാർക്കും കുട്ടികളെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് തിരുവെഴുത്തുകളുടെ സത്യങ്ങൾ കൈമാറുക എന്നതാണ്. ആവർത്തനപുസ്തകം 4 ൽ, ദൈവത്തെക്കുറിച്ച് അവർ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കരുതെന്നും അവരുടെ “മനസ്സിൽനിന്നു വിട്ടുപോകാതെ’’ സൂക്ഷിക്കണമെന്നും (വാ. 9) മോശെ ദൈവജനത്തോട് കൽപ്പിച്ചു. ഈ കാര്യങ്ങൾ അവരുടെ മക്കളുമായും മക്കളുടെ മക്കളുമായും പങ്കുവെക്കുന്നത് അവനെ “ഭയപ്പെടുവാനും’’ (വാക്യം 10) അവൻ അവർക്ക് നൽകുന്ന ദേശത്ത് അവന്റെ സത്യത്തിനനുസരിച്ച് ജീവിക്കാനും അവരെ പ്രാപ്തരാക്കും എന്ന് അവൻ തുടർന്നു പറഞ്ഞു.
നമ്മുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ദൈവം നമുക്കു നൽകുന്ന ബന്ധങ്ങൾ തീർച്ചയായും ആസ്വദിക്കാനുള്ളതാണ്. ദൈവത്തിന്റെ രൂപകൽപ്പനയനുസരിച്ച്, ഒരു തലമുറയിൽ നിന്നു മറ്റൊരു തലമുറയിലേക്ക് അവന്റെ ജ്ഞാനം എത്തിക്കുന്നതിനും “സകല സൽപ്രവൃത്തിക്കും’’ അവരെ സജ്ജരാക്കുവാനും “നീതിയിലെ അഭ്യാസത്തിനും’’ (2 തിമൊഥെയൊസ് 3:16-17) ഒരു ചാലകമായി അവയെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. നാം ദൈവത്തിന്റെ സത്യവും നമ്മുടെ ജീവിതത്തിലെ അവിടുത്തെ പ്രവൃത്തിയും അടുത്ത തലമുറയുമായി പങ്കുവെക്കുമ്പോൾ ടെക്‌സ്റ്റ്, കോൾ, വീഡിയോ അല്ലെങ്കിൽ നേരിട്ടുള്ള സംഭാഷണം എന്നിവയിലൂടെ അവരുടെ സ്വന്തം ജീവിതത്തിൽ അവന്റെ പ്രവൃത്തി കാണാനും ആസ്വദിക്കാനും നാം അവരെ സജ്ജരാക്കുകയാണു ചെയ്യുന്നത്.
സ്വപ്ന സംഘം
സുഹൃത്തുക്കളായ മെലാനിയും ട്രെവറും ഒരുമിച്ച് അനേക മൈൽ ദുർഘടപാതകൾ താണ്ടിയിട്ടുണ്ട്. ഒരുമിച്ചല്ലാതെ ഇവരിലാർക്കും ഒറ്റക്കത് കഴിയില്ല. നട്ടെല്ലിന് ബലമില്ലാതെ ജനിച്ച മെലാനി വീൽ ചെയറിലാണ്. ഗ്ലൂക്കോമ മൂലം കാഴ്ച നഷ്ടപ്പെട്ടയാളാണ് ട്രെവർ. കൊളറാഡോയിലെ വനപാതകൾ ആസ്വദിക്കുന്നതിന് അവരന്യോന്യം പരസ്പര പൂരകങ്ങളാണെന്ന് ഈ ജോടി തിരിച്ചറിഞ്ഞു. വനപഥങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ട്രെവർ മെലാനിയെ ചുമലിലേറ്റുന്നു; മെലാനി അവന് വഴി പറഞ്ഞു കൊടുക്കുന്നു. അവർ തങ്ങളെ ഒരു "സ്വപ്ന സംഘം" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.
പൗലോസ്, യേശുവിൽ വിശ്വസിക്കുന്നവരെ - ക്രിസ്തുവിന്റെ ശരീരം ആയവരെ - ഇതുപോലൊരു "സ്വപ്ന സംഘ" മെന്ന് വിശേഷിപ്പിക്കുന്നു. തങ്ങളുടെ വ്യക്തിപരമായ കൃപാവരങ്ങൾ എല്ലാവർക്കും പ്രയോജനകരമാക്കണമെന്ന് അദ്ദേഹം റോമൻ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ശരീരം വിവിധ അവയവങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്നതുപോലെ, വിവിധ ദൗത്യങ്ങൾ ഉള്ള നാമെല്ലാം ചേർന്ന് ഒരു "ആത്മീയ ശരീരം" ആയിരിക്കുകയും, സഭയുടെ പൊതുപ്രയോജനത്തിനായി ആത്മവരങ്ങൾ നല്കപ്പെട്ടിരിക്കുകയും ചെയ്യുന്നു (റോമർ 12:5). ദാനം ചെയ്യുവാനുള്ള വരം, പ്രോത്സാഹിപ്പിക്കാനുള്ള വരം, പഠിപ്പിക്കാനുള്ള വരം എന്നിങ്ങനെ ഏതു ആത്മവരമായാലും അതൊക്കെയും മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടുള്ളതാണെന്ന് കണക്കാക്കണമെന്ന് പൗലോസ് നിർദ്ദേശിക്കുന്നു (വാ. 5-8).
മെലാനിയും ട്രെവറും തങ്ങൾക്കില്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രയാസപ്പെട്ടില്ല; മറ്റെയാൾക്ക് ഇല്ലാത്തതും തനിക്കുള്ളതുമായ കഴിവിനെയോർത്ത് അഹങ്കരിച്ചുമില്ല. മറിച്ച്, അവർക്കുള്ള "കൃപാവര"ത്തെ സന്തോഷത്തോടെ മറ്റെയാൾക്കുവേണ്ടി ഉപയോഗിക്കുന്നു; ഒരുമിച്ച് പ്രവർത്തിക്കുന്നത് അന്യോന്യം എത്ര പ്രയോജനകരമാണെന്നവർ തിരിച്ചറിയുന്നു. നമുക്കും, ദൈവം നല്കിയ കൃപാവരങ്ങളെ മറ്റുള്ളവരുടെതിനൊപ്പം നിസ്വാർത്ഥമായി ഒരുമിച്ച് ഉപയോഗിക്കാം – ക്രിസ്തുവിനെ പ്രതി.
സമൃദ്ധി ആവശ്യത്തെ നിവർത്തിക്കുന്നു.
ആവശ്യക്കാരുടെ എണ്ണം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ട് സ്‌കൂൾ ഉച്ചഭക്ഷണശാല പോലെ വലിയ ഭക്ഷണശാലകൾ ആവശ്യത്തിലും അധികം ഭക്ഷണം തയ്യാറാക്കാറുണ്ട്, ബാക്കി ഭക്ഷണം പാഴായിപ്പോകും. എന്നാൽ നിരവധി കുട്ടികൾ വീട്ടിൽ ഭക്ഷണമില്ലാത്തവരും, വാരാന്ത്യത്തിൽ ഭക്ഷണമില്ലാത്തവരും ഉണ്ട്. ഒരു വിദ്യാഭ്യാസ ജില്ല ഒരു സന്നദ്ധസംഘടനയുമായിച്ചേർന്ന് ഇതിന് ഒരു പരിഹാരം കണ്ടെത്തി. ബാക്കി വരുന്ന ഭക്ഷണം അവർ പൊതിഞ്ഞു കുട്ടികൾക്ക് വീടുകളിൽ കൊടുത്തയച്ചു, അങ്ങനെ ഒരേ സമയത്തു ഭക്ഷണം പാഴാക്കുന്നതിനും വിശപ്പിനും ഒരു പരിഹാരം കണ്ടു.
നാം പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് നോക്കിയാൽ സമ്പത്തിന്റെ ധാരാളിത്തം ഒരു പ്രശ്‌നമേയല്ല. സ്കൂൾ പ്രോജക്ടിന്റെ പിന്നിലെ തത്വം അപ്പോസ്തലനായ പൗലോസ് കൊരിന്ത്യർക്ക് എഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നതു പോലെയാണ്. മക്കദോന്യയിലുള്ള സഭ കഷ്ടമനുഭവിക്കുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലായി. അതുകൊണ്ട് താൻ കൊരിന്തിലുള്ള സഭയോട് അവരുടെ സമൃദ്ധി മറ്റുള്ളവരുടെ ആവശ്യത്തിന് ഉതകുവാൻ ആവശ്യപ്പെട്ടു (2 കൊരിന്ത്യർ 8:14). അദ്ദേഹത്തിന്റെ ലക്‌ഷ്യം സഭകൾ തമ്മിൽ ഒരു സമത്വം കൊണ്ടുവരേണ്ടതിനായിരുന്നു. അങ്ങനെ ചിലർക്ക് ധാരാളവും മറ്റുചിലർക്ക് കുറവും ഉണ്ടാവില്ല.
പൗലോസ് കൊരിന്ത്യ സഭ അവർ നൽകുന്നതിലൂടെ ദരിദ്രരാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല, മറിച്ച് ഇവരും വരും നാളുകളിൽ ആവശ്യം നേരിടാൻ സാദ്ധ്യതയുകാം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മക്കദോന്യക്കാരോട് മനസ്സലിവും ഉദാരതയും ഉണ്ടാകുവാൻ ആവശ്യപ്പെടുന്നു. ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരെ കാണുമ്പോൾ, നമുക്ക് എന്തെങ്കിലും പങ്കുവെക്കുവാനുണ്ടോ എന്ന് ശോധന ചെയ്യാം. നാം നൽകുന്നത് -വലുതോ ചെറുതോ ആകട്ടെ- ഒരിക്കലും പാഴാകില്ല.
യേശുവിലുള്ള പുതിയ ഡി എൻ എ
തന്റെ ജീവൻ രക്ഷിച്ച മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് നാല് വർഷത്തിന് ശേഷം ക്രിസ്സ് വീണ്ടും പരിശോധനയ്ക്കായി തന്റെ രക്തം കൊടുത്തു. ദാതാവിന്റെ മജ്ജ തന്റെ സൗഖ്യത്തിനാവശ്യമായത് നൽകിയെങ്കിലും ആശ്ചര്യകരമായ ഒരു കാര്യം അവശേഷിപ്പിച്ചു: ക്രിസിന്റെ DNA ഇപ്പോൾ ക്രിസ്സിന്റേതല്ല ദാതാവിന്റേതാണ്. ഇത് ശരിക്കും സംഭവിക്കാം: മാറ്റിവെക്കലിന്റെ ലക്‌ഷ്യം തന്റെ ബലക്ഷയമുള്ള രക്തം ദാതാവിന്റെ ആരോഗ്യമുള്ള രക്തവുമായുള്ള മാറ്റമാണ്. അതിനാൽ ക്രിസിന്റെ കവിളുകൾ, ചുണ്ടുകൾ, നാവ് എന്നിവയുടെ സ്രവങ്ങളെല്ലാം ദാതാവിന്റെ DNA പ്രകടമാക്കി. തന്റെ ഓർമ്മകളും, പുറമെയുള്ള രൂപവും നിലനിർത്തിയിരുന്നെങ്കിലും ചില കാര്യങ്ങളിൽ അവൻ മറ്റൊരാളായി മാറി.
ക്രിസിന്റെ അനുഭവം യേശുവിനെ രക്ഷകനായി സ്വീകരിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നടക്കുന്നതിന് സമാനമാണ്. നമ്മുടെ ആത്മീക രൂപാന്തരത്തിന്റെ സമയത്ത് - നാം യേശുവിൽ ആശ്രയിക്കുമ്പോൾ - നാം ഒരു പുതിയ സൃഷ്ടിയായി മാറുന്നു (2 കൊരിന്ത്യർ 5:17). എഫേസോസ് സഭയ്ക്കുള്ള പൗലോസിന്റെ ലേഖനം, അവരെ ക്രിസ്തുവിനുവേണ്ടി വേർപെട്ട്, അവരിലെ ആന്തരിക രൂപാന്തരത്തെ വെളിപ്പെടുത്തുവാൻ പ്രോത്സാഹിപ്പിച്ചു, "ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ" (എഫേസ്യർ 4:22-24).
രൂപാന്തരം വരുത്തുന്ന യേശുവിന്റെ ശക്തി നമ്മിൽ സജീവമാണെന്ന് കാണിക്കാൻ നമുക്ക് ഡിഎൻഎ പരിശോധനകളോ രക്തപരിശോധനകളോ ആവശ്യമില്ല. ആ ആന്തരിക സത്യം നമ്മുടെ ചുറ്റുമുള്ള ലോകത്തിൽ നാം വ്യാപൃതരാകുമ്പോൾ, നാം എത്രത്തോളം തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി, ദൈവം ക്രിസ്തുവിൽ നമ്മോട് ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുമ്പോൾ നമ്മിലൂടെ പ്രകടമാകണം. (വാ.32).
സ്നേഹത്തിൽ നിന്ന് നൽകുക
ആയുഷ് എല്ലാ ദിവസവും പ്രഭാത ഭക്ഷണം വാങ്ങിയിരുന്നത് അടുത്തുള്ള ഒരു കടയിൽ നിന്നായിരുന്നു. ഒപ്പം തന്നെ അവൻ എല്ലാ ദിവസവും ആവശ്യത്തിലിരിക്കുന്ന ഒരാൾക്കായി ഭക്ഷണം അവരറിയാതെ കാഷ്യർ മുഖേന ഒരു ശുഭദിന ആശംസയോടെ നൽകിയിരുന്നു. ആയുഷിന് അവരുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവരുടെ പ്രതികരണത്തെപ്പറ്റിയും അവനു ധാരണയുണ്ടായിരുന്നില്ല, എന്നാൽ "തനിക്കു ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ പ്രവർത്തിയായി" അവൻ ഇതിനെ വിശ്വസിച്ചിരുന്നു. ആകെ ഒരവസരത്തിൽ മാത്രമാണ് അവന് താൻ നൽകുന്ന ഈ ചെറിയ സമ്മാനത്തിന്റെ സ്വാധീനം മനസ്സിലായുള്ളു. ഒരിക്കൽ, താൻ ചെയ്യുന്ന പ്രവർത്തിയുടെ സ്വാധീനം അവനൊരു ദിനപത്രത്തിന്റെ പംക്തിയിൽ നിന്ന് മനസ്സിലാക്കി. ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ച ഒരു വ്യക്തി മാറി ചിന്തിക്കുവാൻ താൻ ചെയ്യുന്ന കാരുണ്യ പ്രവർത്തി അന്നേദിവസം പ്രേരിപ്പിച്ചു എന്ന് അവൻ മനസ്സിലാക്കി.
യാതൊരു അംഗീകാരവും ആഗ്രഹിക്കാതെ തന്നെ ആയുഷ് ഓരോ ദിവസവും ഒരാൾക്ക് പ്രഭാതഭക്ഷണം നൽകുന്നു. "നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു" (മത്തായി 6:3) എന്ന് യേശു പറയുമ്പോൾ, ആയുഷ് ചെയ്തത് പോലെ, നമ്മെ തിരിച്ചറിയാതെ നാം നന്മ ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നാം മറ്റുള്ളവരുടെ ബഹുമാനം തേടാതെ, ദൈവസ്നേഹത്തിൽ നിന്ന് നൽകുമ്പോൾ, നമ്മുടെ സമ്മാനങ്ങൾ ചെറുതോ വലുതോ ആകട്ടെ അത് ലഭിക്കുന്നവരുടെ ആവശ്യത്തിന് ഉതകുവാൻ അവിടുന്ന് സഹായിക്കും.